Asianet News MalayalamAsianet News Malayalam

ഇവർ കാരണം ജീവൻ വരെ പോകാം! എംവിഡി മുന്നറിയിപ്പ് ഈ 'അനിയൻവാവ-ചേട്ടൻവാവ'മാരെക്കുറിച്ച്!

വെളിച്ചക്കുറവുള്ളപ്പോൾ ഓട്ടത്തിനിടയിലും ഈ ലൈറ്റിടുന്നത് മാതൃകാപരമായ ഒരു സുരക്ഷാശീലമാണ്. സന്ധ്യമയങ്ങി തുടങ്ങുമ്പോൾ ആദ്യം ഈ പാർക്ക് ലൈറ്റുകളും ഇരുട്ടുമൂടി കുടുതൽ കാഴ്ച ആവശ്യമായി വരുന്ന മുറയ്ക്ക് അടുത്ത ഘട്ടമായി ഹെഡ് ലൈറ്റുകളും ഓണാക്കുക. പ്രഭാതങ്ങളിൽ ഇതേ പ്രവർത്തനം നേരെ തിരിച്ചും ചെയ്യണം. അതായത് ആദ്യം ഹെഡ് ലൈറ്റുകളും പിന്നാലെ പാ‍ക്ക് ലൈറ്റുകളും ഓണാക്കുക. ഈ ഉപയോഗക്രമത്തിനനുസൃതമായാണ് അനിയൻവാവ-ചേട്ടൻവാവമാരായി ഈ ലൈറ്റുകൾ ക്രമീകരിച്ചിരിക്കുന്നതെന്നും എംവിഡി പറയുന്നു.
 

Kerala MVD warning against how use parking lights and head lights in vehicles
Author
First Published May 5, 2024, 3:11 PM IST

വാഹനങ്ങളിലെ പാർക്ക് ലൈറ്റുകളുടെ ഉപയോഗത്തെപ്പറ്റി ബോധവൽക്കരണവുമായി സംസ്ഥാന മോട്ടോർവാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പാർക്ക് ലൈറ്റുകളുടെയും ഹെഡ് ലൈറ്റുകളുടെയും ഉപയോഗം എന്താണെന്നും അവ അപകട രഹിതമായി എങ്ങനെ ഉപയോഗിക്കാമെന്നും എംവിഡി വ്യക്തമാക്കുന്നത്. 

പൊതുവേ ഒരു അമിതപ്രാധാന്യം ഹെഡ് ലൈറ്റുകൾക്ക് നാം നൽകാറുണ്ടെന്ന് എംവിഡി പറയുന്നു. എന്നാൽ അവ ഓൺ ചെയ്യണമെങ്കിൽ ആദ്യം ഓണാക്കേണ്ട ഒട്ടും പ്രാധാന്യം കല്പിക്കാത്ത ഒരു ലൈറ്റുണ്ട്. അതാണ്  പാർക്ക് ലൈറ്റുകൾ. ഹെഡ് ലൈറ്റുകൾ ഓണായിക്കഴിഞ്ഞാൽപ്പിന്നെ ഇങ്ങിനൊരാൾ 'ജീവിച്ചിരി'പ്പുണ്ടെന്ന് തന്നെ ആരും കാണില്ല. സൂര്യൻ ഉദിച്ചാൽപ്പിന്നെ തെരുവ് വിളക്കിനെന്ത് പ്രസക്തി. ഈ പാർക്ക് ലൈറ്റുകളുടെ ആവശ്യകത എന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തു കൊണ്ട് ഹെഡ് ലൈറ്റുകൾക്ക് മുന്നോടിയായി ഇത് ക്രമീകരിച്ചിരിക്കുന്നു? എംവിഡി ചോദിക്കുന്നു

ലൈറ്റുകളിൽ നമ്മുടെ കണ്ണുകൾക്ക് ഏറ്റവും നിരുപദ്രവകാരിയായ ഒന്നാണ് പാർക്കിംഗ് ലൈറ്റുകൾ എന്നും പേര് പോലെ തന്നെ  പാർക്ക് ചെയ്യുമ്പോൾ ഇടേണ്ട ലൈറ്റുകൾ ആണിവയെന്നും പറയുന്ന എംവിഡി എന്നാൽ മാളുകൾ, പാർക്കിംഗ് ഗ്രൗണ്ടുകൾ തുടങ്ങി പാർക്കിംഗിനായുള്ള സ്ഥലങ്ങളിൽ അല്ലെന്നും വ്യക്തമാക്കുന്നു.

വെളിച്ചക്കുറവുള്ള സമയങ്ങളിലോ രാത്രികാലങ്ങളിലോ റോഡുവക്കിൽ കുറച്ചു നേരം പാർക്ക് ചെയ്യുമ്പോൾ മറ്റു ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെട്ടെന്ന് വരാനും അപകടങ്ങൾ ഒഴിവാക്കാനും ആണ് ഈ ലൈറ്റുകൾ പ്രധാനമായും ഉപകരിക്കുന്നത്. മുൻപിൽ വെള്ളയും  പിന്നിൽ ചുവപ്പും ലൈറ്റുകളാണ് . കൂടാതെ നമ്പർ പ്ലേറ്റ്, ഡാഷ്ബോർഡിലെ പല നിയന്ത്രണോപാധികളുടെ പ്രകാശനവും ഈ ലൈറ്റിനൊപ്പം സെറ്റ് ചെയ്‍തിരിരിക്കുന്നു.

പാർക്ക് ലാമ്പിനെ  ക്ലിയറൻസ് ലാമ്പ് എന്നും പറയാറുണ്ട്. പാർക്ക് ചെയ്തരിക്കുന്ന വാഹനത്തിൻ്റെ വലുപ്പം, തരം എന്നിവ മറ്റു റോഡുപയോക്തക്കൾക്ക് പെട്ടെന്ന് മനസിലാകാനും ഇത് സഹായിക്കുന്നു. ഈ ലൈറ്റുകൾ ബാറ്ററിയിൽ നിന്നും വളരെ കുറച്ചു വൈദ്യുതി മാത്രമേ എടുക്കുന്നുമുള്ളു. ഇതിൻ്റെ ആധുനിക പതിപ്പാണ് ഡിടിആ‍ർഎൽ (ഡേ ടൈം റണ്ണിംഗ് ലാമ്പ്). പകൽസമയത്തും  പുക/മഞ്ഞു നിറഞ്ഞ പ്രദേശങ്ങളിൽ ഇവ അപകടസാദ്ധ്യത കുറയ്ക്കുന്നു.

വെളിച്ചക്കുറവുള്ളപ്പോൾ ഓട്ടത്തിനിടയിലും ഈ ലൈറ്റിടുന്നത് മാതൃകാപരമായ ഒരു സുരക്ഷാശീലമാണ്. സന്ധ്യമയങ്ങി തുടങ്ങുമ്പോൾ ആദ്യം ഈ പാർക്ക് ലൈറ്റുകളും ഇരുട്ടുമൂടി കുടുതൽ കാഴ്ച ആവശ്യമായി വരുന്ന മുറയ്ക്ക് അടുത്ത ഘട്ടമായി ഹെഡ് ലൈറ്റുകളും ഓണാക്കുക. പ്രഭാതങ്ങളിൽ ഇതേ പ്രവർത്തനം നേരെ തിരിച്ചും ചെയ്യണം. അതായത് ആദ്യം ഹെഡ് ലൈറ്റുകളും പിന്നാലെ പാ‍ക്ക് ലൈറ്റുകളും ഓണാക്കുക. ഈ ഉപയോഗക്രമത്തിനനുസൃതമായാണ് അനിയൻവാവ-ചേട്ടൻവാവമാരായി ഈ ലൈറ്റുകൾ ക്രമീകരിച്ചിരിക്കുന്നതെന്നും എംവിഡി പറയുന്നു.

ചിലരെങ്കിലും റോഡുവക്കിൽ വാഹനം നിർത്തിയിടുമ്പോൾ ഹെഡ്‍ലൈറ്റുകൾ ഓഫാക്കാതെ കാണാറുണ്ടെന്നും മറ്റുള്ളവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് മാത്രമല്ല നിർദ്ദോഷമെന്ന് തോന്നാവുന്ന ഈ ചെറിയ 'മറവി' ഒരു നിരപരാധിയുടെ ജീവൻ വരെ അപായപ്പെടുത്തിയേക്കാമെന്നും ഇത്തരം അപകടകരമായ സ്വശീലങ്ങളെ കരുതിയിരിക്കണമെന്നും പറയുന്ന എംവിഡി  മറയ്ക്കരുത് കണ്ണുകളെയെന്നും മറക്കരുത് വിളക്കുകളെയെന്നും ഓ‍ർമ്മിപ്പിക്കുന്നു.

 

Latest Videos
Follow Us:
Download App:
  • android
  • ios