Asianet News MalayalamAsianet News Malayalam

ലൈസൻസിനും ആർസി ബുക്കിനുമായി കാത്തിരിക്കുന്നത് നിരവധി പേർ: കുടിശ്ശിക നൽകിയിട്ടും അച്ചടി വൈകുന്നു

 പ്രിൻറിംഗ് നിർത്തിയതോടെ കഴിഞ്ഞ ജൂലൈയിൽ സർക്കാർ കമ്പനിക്ക് ഏഴരകോടി രൂപ നൽകി. പിന്നീട് പണം കൊടുക്കാതിരുന്നതോടെ കമ്പനി വീണ്ടും പ്രിന്റിങ്ങും നിർത്തി.

Many people are waiting for license and RC book
Author
First Published May 6, 2024, 12:32 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ്ങ് ലൈസൻസിനും ആർസി ബുക്കിനുമായുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നു. അച്ചടിക്കുന്ന കമ്പനിക്ക് കുടിശ്ശിക തുക നൽകിയെങ്കിലും മുൻകാല അപേക്ഷകൾ വൻതോതിൽ കെട്ടിക്കിടക്കുന്നതാണ് അച്ചടി വൈകാൻ കാരണം. ഒരു ദിവസം ഇരുപതിനായിരം കാർഡുകൾ മാത്രമാണ് അച്ചടിക്കാൻ കഴിയുന്നത്.

ഡ്രൈവിങ്ങ് ടെസ്റ്റും രജിസ്ട്രേഷനും പൂർത്തിയാക്കി ലൈസൻസിനും ആർസി ബുക്കിനുമായി കാത്തിരിക്കുന്നത് 17 ലക്ഷത്തിലധികം ആളുകളാണ്. പലരും അപേക്ഷ നൽകിയിട്ട് മാസങ്ങളായി. ലൈസൻസ് കിട്ടാത്തതിനാൽ വാഹനവുമായി നിരത്തിലിറങ്ങാൻ കഴിയാത്തവരും ആർസി ബുക്ക് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും നിരവധി.

സ്വകാര്യ കമ്പനിയായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് കാർഡുകൾ പ്രിന്റ് ചെയ്യുന്നത്. പ്രിൻറിംഗ് നിർത്തിയതോടെ കഴിഞ്ഞ ജൂലൈയിൽ സർക്കാർ കമ്പനിക്ക് ഏഴരകോടി രൂപ നൽകി. പിന്നീട് പണം കൊടുക്കാതിരുന്നതോടെ കമ്പനി വീണ്ടും പ്രിന്റിങ്ങും നിർത്തി. ഒടുവിൽ ഇക്കഴിഞ്ഞ ജനുവരിയിലാണ് കുടിശികയുണ്ടായിരുന്ന പണം നൽകിയത്. അതിന് ശേഷം പ്രിന്റിങ്ങ് തുടങ്ങിയെങ്കിലും നവംബർ ഡിസംബർ ജനുവരി മാസങ്ങളിലെ അപേക്ഷകൾ കുന്ന്കൂടി കിടക്കുകയാണ്. 

തേവരയിലുള്ള കമ്പനിയുടെ പ്രസിൽ ഒരു ദിവസം ഇരുപതിനായിരം കാർഡുകൾ മാത്രമാണ് അച്ചടിക്കാൻ കഴിയുക. എന്നാൽ ഓരോ ദിവസവും എത്തുന്ന അപേക്ഷകൾ അതിന്റെ ഇരട്ടിയോളമാണ്. മുൻഗണന നിശ്ചയിച്ചും അടിയന്തര ആവശ്യക്കാർക്കും പരിഗണന നൽകുന്നുണ്ടെന്ന് ഗതാഗതവകുപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും പരാതി തീരുന്നില്ല. പ്രശ്നപരിഹാരം ഇനിയും നീളും.

Latest Videos
Follow Us:
Download App:
  • android
  • ios